കൃഷ്ണവനം
കൃഷ്ണ , സുദാമാവു ഞാന്‍ ഈ യമുനതന്നിക്കരെ വന്നുനില്‍ക്കുന്നൂ പതിവുപോല്‍ പാടുവാന്‍ ; കാലത്തിനും കാവലായിട്ടിരിക്കുന്നൊ രാദിമവാചാലമൗനത്തിനും , പിന്നെ പാരിതില്‍ നീ നീളെ പാടിപ്പതിയിച്ചൊ- രാര്‍ദ്രസൗഭ്രാത്രത്തിനും , സ്നേഹ- വായ്പിനുമീടുററ ഗാഥകള്‍. പേര്‍ത്തുപാടുന്നൂ , പറഞ്ഞാലൊരിക്കലും പാഴിലാവില്ല നിന്നോടെന്ന് , പണ്ടത്തെയാചാര്യഗേഹവും കാടും മഴവന്ന നാളും മരക്കുടക്കീഴില്‍ നാം നിന്നതും പിന്നെ നമ്മെത്തേടിവന്ന നിലാവിന്റെ പാലൊളിയില്‍ നമ്മള്‍ കാടാകെ കണ്ടതും , ഒന്നും മറക്കാന്‍ കഴിയാത്ത കണ്ണന്റെ കാടുകള്‍ കാട്ടില്‍ കിളികള്‍ മൂളുന്നതും. കൃഷ്ണ , സുദാമാവു ഞാന്‍ ഈ യമുനതന്നക്കരെ നോക്കിനില്‍ക്കുന്നൂ ; മലകളിലാളുന്ന കാട്ടുതീയിന്‍ ശോണ- വക്ത്രത്തില്‍നിന്നും പിടഞ്ഞുചാടിപ്പോന്നൊ രേതോ കരച്ചില്‍ അലമുറയിട്ടുവന്നെത്തിയെന്‍ കാതില്‍ക്കുറിച്ചിടും പേരേടുകള്‍ക്കുള്ളില്‍ ഞാനറിയുന്ന പേരൊക്കെ നിറയുന്നു, ഖാണ്ഡവം വെന്ത കരിക്കട്ടകള്‍ ചികഞ്ഞെന്‍ നേര്‍ക്കെറിഞ്ഞവര്‍ ചൂളുന്നു ; അന്തിക്ക് കുന്നിന്‍മുടിയില്‍ , നഭസ്സിന്‍ ചുഴികളില്‍ , കാലായനങ്ങള്‍ തന്‍ വ്യോമമാര്‍ഗ്ഗങ്ങളില്‍ തീരാതയുതസഹസ്രയുഗങ്ങള്‍ ത...